പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം

പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്‍, ഉമ തോമസ്, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. സര്‍ക്കാര്‍ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം മുന്നോട്ട് വെച്ച രണ്ട് കാര്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കാന്‍ സാധിക്കില്ല. ഇന്നുമുതല്‍ അഞ്ച് അംഗങ്ങള്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. അത് നേരായ രീതിയില്‍ കൊണ്ടുപോകാനുള്ള ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്നത് ധികാരപൂര്‍വ്വമായ നടപടിയാണ്.
എന്നാല്‍ പ്രതിപക്ഷത്തിന്റേത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ പ്രതികരിച്ചു. സഭാസമ്മേളനം നടത്തിക്കില്ല എന്ന രീതിയാണിത്. ഈ സമീപനം നിയമസഭയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.