കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം; അതിഥികളായി എത്തിയത് സബ് കളക്ടർ അടക്കം 400 ഓളം പേർ

വിവാഹച്ചടങ്ങുകൾ ഓരോ സമൂഹത്തിലും വ്യത്യസ്തമാണ്. വളരെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഉത്തർ പ്രദേശിലെ ഒരു ​ഗ്രാമത്തിൽ നടന്നത്. ആ വിവാഹത്തിലെ വധുവും വരനും മനുഷ്യരായിരുന്നില്ല. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കൈസർഗഞ്ച് പ്രദേശത്താണ് വിചിത്രമായ ഒരു വിവാഹം നടന്നത്. സാധാരണ വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം ഇതിനും ഉണ്ടായിരുന്നു. വിവാഹത്തിന് പന്തലൊരുക്കി. നൃത്തവും സം​ഗീതവും ഉണ്ടായിരുന്നു. ആചാരപ്രകാരം വിവാഹം നടത്താൻ പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പടെ 400 -ലധികം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ, ഇവിടെ വിവാഹം നടന്നത് ഒരു കിണറിന്റെയും പൂന്തോട്ടത്തിന്റെയും ആയിരുന്നു. സ്ഥലത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലിന്റെ സാന്നിധ്യവും വിവാഹത്തിന് ഉണ്ടായിരുന്നു. ​ഗ്രാമത്തിലെ ഈ കിണർ വളരെ പഴക്കമുള്ളതാണ്. എന്നാൽ, കിണർ വറ്റിവരളാൻ തുടങ്ങിയതോടെ ആളുകൾ അത് എന്തോ അശുഭസൂചകമാണ് എന്ന് വിശ്വസിക്കാൻ തുടങ്ങി. ​ഗ്രാമത്തിലെ എല്ലാവർക്കും ആശങ്കയായി. ​ഗ്രാമത്തിലെ 85 വയസുള്ള കിഷോരി ദേവിയാണ് കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം നിർദ്ദേശിച്ചത്. അതുവഴി മോശം കാര്യങ്ങൾ ഇല്ലാതെയാകും എന്നായിരുന്നു വിശ്വാസം എന്ന് ​ഗ്രാമവാസിയായ ബ്രിജേഷ് പറയുന്നു. അത് ഏറെപ്പേരും അം​ഗീകരിച്ചു. മാർച്ച് 13 -ന് വിവാഹം നടത്താൻ നിശ്ചയിച്ചു. ഗ്രാമത്തിലെ മുതിർന്നവരായ രാകേഷ് സിംഗ്, അഖിലേഷ് സിംഗ്, അമ്രേഷ് സിംഗ്, സുരേഷ് സിംഗ് എന്നിവർ ചടങ്ങ് ​ഗംഭീരമായി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ക്ഷണക്കത്തും അടിച്ചു. 1500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പിന്നാലെയാണ് അതി​ഗംഭീരമായി വിവാഹചടങ്ങുകൾ നടന്നത്.