കലശം വരവിലെ പി ജയരാജന്റെ ചിത്രത്തിന് വിമർശനവുമായി എം വി ഗോവിന്ദന്‍; വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിന്റെ ഫോട്ടോ വച്ചാലും അംഗീകരിക്കില്ല

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവില്‍ പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകാത്ത കാര്യമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിന്റെ ഫോട്ടോ വച്ചാലും അംഗീകരിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കതിരൂര്‍ പുല്യോട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. വിശ്വസം രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു. അത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ചെഗുവേരയുടെ ചിത്രവും കലശത്തില്‍ ഉണ്ടായിരുന്നു. കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. കൂടുതല്‍ വിവാദങ്ങളിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.