ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തില്‍ ഉണ്ടായിരുന്നു.
സംഭവം നടന്ന കതിരൂർ പി ജയരാജന് വലിയ പിന്തുണയുള്ള പ്രദേശമാണ്. സിപിഎം അനുഭാവികളായ പ്രവർത്തകരാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രമുള്ള കലശം എടുത്ത് ക്ഷേത്രത്തിലേക്ക് പോയത്. പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം കണ്ണൂരിൽ നേരത്തെ തന്നെ വലിയ വിവാദമായിരുന്നു