ആലപ്പുഴ എടത്വ കൃഷി ഓഫിസർ ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 2009ൽ സമാനമായ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. 2015 – 17 കാലത്ത് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ ഉണ്ടായിരുന്നു. പശുക്കച്ചവടത്തിന്റെ പേരിൽ പണം തട്ടിയ കേസുകളായിരുന്നു ഏറെയും. വിൽപനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് കന്നുകാലികളെ എത്തിച്ച ശേഷം പണം നൽകാതെ കബളിപ്പിച്ച കേസുകളും ഉണ്ടായിരുന്നു. തട്ടിച്ചെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. പാലക്കാട്ട് പിടിയിലായ ചിലർക്ക് കായംകുളം, ചാരുംമൂട് കള്ളനോട്ട് കേസുകളുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. അതോടൊപ്പം പാലക്കാട് നിന്നു കുഴൽപണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരിൽ 2 പേർക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.
പാലക്കാട് വാളയാറിൽനിന്നു മിനി ലോറി തട്ടിയെടുത്തതിനാണ് ഇവർ ഉൾപ്പെടുന്ന ഏഴംഗ സംഘം അറസ്റ്റിലായത്. ഈ സംഘത്തിലെ ആലപ്പുഴ സക്കറിയ വാർഡ് ഷിഫാസ് മൻസിലിൽ എസ്.ഷിഫാസ് (30), ചാരുംമൂട് കോമല്ലൂർ ചറുവയ്യത്ത് എസ്.വിജിത്ത് (30) എന്നിവരാണ് ആലപ്പുഴ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളെന്നാണ് സൂചന. ജിഷമോൾക്കും സുരേഷ് ബാബുവിനും കള്ളനോട്ടുകൾ നൽകിയത് ഒരേ ആളാണെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗത്ത് സിഐ എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി നീണ്ട അവധിയെടുത്തതിന്റെ പേരിൽ രണ്ടു തവണ ജിഷയ്ക്കു മെമ്മോ കിട്ടിയിട്ടുണ്ട്. ജിഷയുടെ സ്ഥിരം മേൽവിലാസം ഏതാണെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ജിഷമോൾ, ജെഎം മൻസിൽ, ഗുരുപുരം ഈസ്റ്റ്, അവലൂക്കുന്ന് പിഒ, ആലപ്പുഴ എന്ന വിലാസമാണ് കൃഷി വകുപ്പിന്റെ രേഖകളിലുള്ളത്. എന്നാൽ, ഇതേ പ്രദേശത്ത് വാടകവീട്ടിലാണ് പിടിയിലാകുമ്പോൾ അവർ താമസിച്ചിരുന്നത്.