ഷാഫി പറമ്പില്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍; അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് ഷാഫി

കേരള നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് അസാധാരണമായ സംഭവവികാസങ്ങൾ. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ പരിഹാസം. പ്രതിപക്ഷ അംഗങ്ങള്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്ന് പറഞ്ഞ സ്പീക്കര്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും പറഞ്ഞു. മറുപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി. അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിനെ കൂടാതെ റോജി എം. ജോണിനെയും ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും ചോദിച്ചു. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോൽക്കും.അവിടെ തോൽക്കും’. സ്പീക്കറുടെ വാക്കുകള്‍ ഇങ്ങനെ. സ്പീക്കറുടെ ഈ വാക്കുകള്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.