കണ്ണൂര്‍ കുയിലൂരില്‍ യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും

കണ്ണൂര്‍ കുയിലൂരില്‍ യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. ബിജെപി ബൂത്ത് പ്രസിഡ‍ന്‍റായിരുന്ന പ്രജിത്തിന്‍റെ സംസ്കാര ചടങ്ങിനിടയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം ചൊല്ലുന്നതിനിടെ മറുവിഭാഗം മൃതദേഹം സംസ്കരിക്കാനെടുത്തതോടെയാണ് സംഘര്‍മുണ്ടായത്. പ്രജിത്തിന്‍റെ കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം ചിതയില്‍ വെച്ചതോടെ ഇരു വിഭാഗവും തമ്മില്‍ പോര്‍വിളിയായി. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ മൃതദേഹം സംസ്കരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ട് ഇരു പാര്‍ട്ടി നേതാക്കളുടേയും യോഗം ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ.വി. പ്രജിത്ത് (40) മരിച്ചത്. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. സഹോദരൻ എത്തിയ ശേഷം മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. നേരത്തേ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. അതേസമയം, കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം ദഹിപ്പിക്കാനായി എടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിന്റെ സുഹൃത്തുക്കളും ബിജെപി പ്രവർത്തകരും കൈയിൽ പൂക്കൾ കരുതി. ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയിൽ സിപിഎം പ്രവർത്തകർ മൃതദേഹം സംസ്കരിക്കാനെടുത്തതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഒരു വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് പുറപ്പെട്ടപ്പോൾ പോർവിളിയുമായി മറുവിഭാ​ഗം പിന്നാലെ കൂടുകയായിരുന്നു. സംസ്കരിക്കുന്നതിനിടെ പോർവിളിയും ഉന്തും തള്ളുമുണ്ടായി. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ റിപ്പോർട്ടിനെത്തുടർന്ന് ഇരിട്ടി സി.ഐ. കെ ജെ ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി സ്റ്റേഷനുകളിൽനിന്നായി മുപ്പതിലധികം പൊലീസുകാരും സ്ഥലത്തെത്തി കാവൽ നിന്നു. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല.