ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു; വൈറലായി വീഡിയോ

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു. കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് കൊമ്പള്ളിയിലെ ഹോട്ടൽ എസ്‌പിജി ഗ്രാൻഡ് പരിസരത്തെ പ്രമുഖ കമ്പനിയുടെ ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചത്. കുട്ടിയുടെ പിതാവ് ഔട്ട്‌ലെറ്റിനെതിരെ പരാതി നൽകി. തുടർന്ന് ഇയാൾ ട്വിറ്ററിൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.
ഒരു അടിയിലധികം നീളമുള്ള പെരുച്ചാഴി ഡൈനിംഗ് ഹാളിലേക്ക് കയറി കുട്ടിയുടെ അരക്കെട്ടിലേക്ക് കയറി കടിക്കുകയായിരുന്നു. ഭയപ്പെടുത്തുന്നതാണ് ദൃശ്യങ്ങളെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു. കുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് മാതാപിതാക്കളും ജീവനക്കാരും വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അച്ഛൻ എലിയെ പുറത്തെടുത്ത് വലിച്ചെറിഞ്ഞു. ഉടൻ തന്നെ കുട്ടിയെ ബോവൻപള്ളിയിലെ സൈനിക ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകി.
നിരവധിപേരാണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്.
സൈനികനായ മേജർ സാവിയോ എന്നയാളുടെ കുട്ടിക്കാണ് കടിയേറ്റത്. അടുത്ത ദിവസം സാവിയോ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിയും നൽകി. ഇത്തരം ഫ്രാഞ്ചൈസികൾ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും സംഭവം സ്റ്റാഫും മാനേജരും കണ്ടതാണെന്നും എഫ്‌ഐആറിൽ പറയുന്നു.