ആറ്റിങ്ങലിലെ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥി ശ്രേഷ്ഠയുടെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ. ആലംകോട് സ്വദേശികളായ പുഷ്പരാജൻ-പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) നെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
റൂമിനകത്ത് കയറിയ അശ്വിനെ ഏറെ നേരമായിട്ടും പുറത്തുകാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴ് മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലത്ത് ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി അശ്വിൻ രാജിന്റെ സുഹൃത്ത് ശ്രേഷ്ഠ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ അശ്വിൻ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. അടുത്ത സുഹൃത്തായ ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു. ശ്രേഷ്ഠയുടെ വേർപാടിൽ മനംനൊന്താണ് അശ്വിൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.