താൻ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങളെ എത്ര ശ്രമിച്ചിട്ടും തിരിച്ചറിയാനാവുന്നില്ല; പൊലീസിന്റെ സഹായം തേടി യുവതി

താൻ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങളെ എത്ര ശ്രമിച്ചിട്ടും തിരിച്ചറിയാനാവാതെ വന്നതോടെ പൊലീസിന്റെ സഹായം തേടി യുവതി. അർജന്റീന സ്വദേശിനിയായ സോഫി റോഡ്രിഗസ് എന്ന യുവതിയാണ് സഹായം ആവശ്യപ്പെട്ടത്. തന്റെ പ്രവർത്തിയിലൂടെ ഈ വർഷത്തെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് വരെ കിട്ടാൻ അർഹതയുണ്ടെന്ന് തമാശയായി കുറിച്ചുകൊണ്ട് സോഫി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സോഫിക്ക് മക്കളെ തങ്ങളിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് അവർ കുഞ്ഞുങ്ങളുമായി പൊലീസിനരികിലെത്തി സഹായം തേടിയത്. സോഫിയുടെ ആവശ്യം കുഞ്ഞുങ്ങളെ വേർതിരിച്ചറിയാനായി അവരുടെ വിരലടയാളം ശേഖരിക്കണമെന്നായിരുന്നു. ഇരട്ട കൺമണികളുടെ ചിത്രങ്ങളും സോഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ കുട്ടികൾ തമ്മിൽ അല്പം വ്യത്യാസമുള്ളതായി തോന്നും എന്ന് സോഫി തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഇവർ രണ്ട് ദിശയിലേക്ക് നോക്കി കിടക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസം തോന്നുന്നതെന്നും കിടപ്പിലും രൂപത്തിലും എല്ലാം കുട്ടികൾ ഒരേ പോലെയാണെന്നും സോഫി പറയുന്നു. എന്തായാലും സോഫിയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.