വൈദേകം റിസോർട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇ പി ജയരാജന്റെ കുടുംബം ;ഓഹരികൾ ഒഴിയുന്നു

കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇ പി ജയരാജന്റെ കുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണും ഓഹരികൾ കൈമാറ്റം ചെയ്യും.
ഇരുവര്‍ക്കുമായി 91.99 ഓഹരികളാണുളളത്. ഭാര്യ ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്.
ഈ മാസം രണ്ടിന് റിസോർട്ടിൽ ആദായ നികുതി പരിശോധന നടന്നിരുന്നു.ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടന്നെന്ന പരാതിയിലാണ് പരിശോധന നടന്നത്. ഇതേ റിസോർട്ടിനെതിരെ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇ ഡി കൊച്ചി യുണിറ്റാണ് റിസോർട്ടിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.
സാമ്പത്തിക ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുടുംബത്തിന്റെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇ.പി. ജയരാജന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ജയരാജന്റെ മകൻ ജയ്സൺന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം പിൻവലിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.