ഷുക്കൂര്‍ വക്കീലും ഭാര്യയും വീണ്ടും വിവാഹിതരായി; ഈ വിവാഹം രാജ്യത്തെ ഓരോ ലിബറല്‍ മുസ്‍ലിമിന്‍റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണെന്ന് റസൂല്‍ പൂക്കുട്ടി

അഭിഭാഷകനും സിനിമാ താരവുമായ ഷുക്കൂര്‍ വക്കീലും ഭാര്യയും അധ്യാപികയുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായി.വനിതാദിനമായ ഇന്ന് സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം തങ്ങളുടെ പെണ്‍മക്കളുടെ ഭാവിയെ കരുതിയാണ് ഈ തീരുമാനമെന്നാണ് ഇരുവരും പറയുന്നത്. മുസ്‍ലിം വ്യക്തിനിയമപ്രകാരം തങ്ങളുടെ മരണശേഷം പെണ്‍മക്കള്‍ക്ക് സ്വത്തിന്‍റെ പൂര്‍ണ അവകാശം ലഭിക്കില്ലെന്ന കാരണത്താലാണ് ഒരു പുനര്‍വിവാഹത്തിലൂടെ അത് മറികടക്കുന്നത്. ഈ തീരുമാനത്തെ അനുകൂലിക്കുന്നതിനൊപ്പം വലിയ വിമര്‍ശനങ്ങളും ഉയർന്നിരുന്നു. പി ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ആളാണ് ഷുക്കൂറെന്നും വിവാഹത്തില്‍ നേരില്‍ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിന്റെ പൂർണരൂപം

ഷുക്കൂര്‍ വക്കീല്‍ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ കാണാനാവും. ഒരു അഭിഭാഷകന്‍റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തില് നിന്ന് അറിയാനാവും. പിന്നീട് ഞാന്‍ സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്‍റെ ലാളിത്യം കൊണ്ടും അദ്ദേഹം എന്നെ അമ്പരപ്പിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല അദ്ദേഹം. ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറല്‍ മുസ്‍ലിമിന്‍റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്‍റെ ‘രണ്ടാം വിവാഹ’ത്തില്‍ എനിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്, ധൈര്യപൂര്‍വ്വമുള്ള ആ നിലപാടിനൊപ്പവും. താങ്കള്‍ക്കും താങ്കള്‍ ‘പുതുതായി വിവാഹം കഴിച്ച’ ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക എന്നാണ്.