പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും ആരാധകരോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ. ‘നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും, ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ വിശ്രമിക്കുകയാണെന്നും പുരോഗതിയുണ്ടെന്നും’ അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. പതിയെ പുരോഗതി പ്രാപിക്കുകയാണെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുകയാണെന്നും താരം ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. നിലവിൽ എല്ലാ പ്രൊജക്ടുകളും നിർത്തി വച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഡോക്ടർമാരുടെ അനുവാദം കിട്ടിയ ശേഷവുമേ പുനരാരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന ആക്ഷൻ സീൻ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ബച്ചന് വീണ് പരുക്കേറ്റത്. വീഴ്ചയിൽ വലതുഭാഗത്തെ വാരിയെല്ല് പൊട്ടുകയും പേശികൾക്കും സാരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു.