‘ഇത്രയും വർഷമായി ജയിലിൽ കിടന്നു എന്നതുകൊണ്ട് മാത്രം മോചനത്തിന് കാരണമാവില്ല’;നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ് .വർഷങ്ങളായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നായിരുന്നു സുനിയുടെ ആവശ്യം.എന്നാൽ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി സിംഗിൾബെഞ്ചാണ് സുനിയുടെ വാദം കേട്ടത്.
കഴിഞ്ഞ ആറുവർഷമായി താൻ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നടൻ ദിലീപിന്റെ ക്രിമിനൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ പൾസർ സുനി അടക്കമുള്ള പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ദിലീപ് ഉൾപ്പെടെ പ്രതികളായ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31-ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നൽകിയത്. നിശ്ചിതസമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13-ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.