എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. ”ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ. എട്ടാമത്തെ വയസിലാണ് അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്’, എന്ന് ഖുശ്ബു പറയുന്നു.
അമ്മ തന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ 16 വയസില്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ. ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഖുശ്ബു തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ മുഖമായി മാറി. പിന്നീട് 2010ൽ രാഷ്ട്രീയത്തിൽ ചേർന്നു. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബി ജെ പിയിലെത്തിയത്. സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബി ജെ പിയിലെത്തിയത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.