അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം വീഴ്‌ത്തുന്ന ചോര; കരക്കാരുടെ ചോര വീഴ്ത്തൽ ചടങ്ങായ അടവിയിൽ പങ്കെടുത്ത് ആയിരങ്ങൾ

പത്തനംതിട്ട പന്തളം കുരമ്പാലയിൽ അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കരക്കാരുടെ ചോര വീഴ്ത്തൽ ചടങ്ങായ അടവിയിൽ പങ്കെടുത്തത് ആയിരങ്ങൾ. മുള്ളുകൾ നിറഞ്ഞ പച്ചച്ചൂരലിൽ ഉരുണ്ട് രക്തം സമർപ്പിക്കുന്നതാണ് ചടങ്ങ്. കുരമ്പാലയിൽ അഞ്ച് വർഷത്തിൽ ഒരിക്കലാണ് പടയണിയും ചൂരലിൽ ഉരുളുന്ന അടവിയും. ഇക്കുറി കോവിഡ് കാലവും കടന്ന് എഴു വർഷത്തിന് ശേഷമാണ് ചടങ്ങ് നടക്കുന്നത്. പടയണിയുടെ ഒൻപതാം ദിവസമാണ് ചൂരൽ ഉരുളിച്ച. വഴിപാട് നേർന്നവർ കാവുകളിൽ നിന്ന് ചൂരൽ പിഴുതെടുക്കും. പിഴുതെടുത്ത ചൂരലുകളുമായി ക്ഷേത്രനടയിലെത്തി ദേഹത്ത് ചുറ്റി ഉരുളും. ചൂരൽ മുള്ളുകൾ ദേഹത്ത് തറഞ്ഞു കയറി ഊറുന്ന ചോര ഭദ്രകാളിക്ക് സമർപ്പിക്കുന്നു എന്ന് സങ്കൽപം പായ പോലെ ചൂരലിൽ പൊതിഞ്ഞവരെ കളത്തിൽ നിന്ന് മാറ്റി കത്തികൊണ്ട് ചൂരൽ അറുത്ത് മോചിപ്പിക്കും. ചടങ്ങ് ദിവസം നാടാകെ ചൂരൽ നിറയും. പണ്ട് നരബലി നടന്നിരുന്നയിടത്ത് ബുദ്ധസന്യാസിമാരുടെ ഇടപെടലിൽ ചടങ്ങുകൾ ലഘൂകരിച്ചെന്നാണ് ഗവേഷക പറയുന്നത്. ഇന്നലെ രാത്രി തുടങ്ങിയ ഉരുളിച്ച ഇന്ന് ഉച്ചയ്ക്കാണ് അവസാനിച്ചത്.