‘സിപിഎം മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്നില്ല’,എം വി ഗോവിന്ദന്‍

മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന നിലപാടുള്ള പാർട്ടി അല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം മതനിരാസ പാർട്ടി ആണെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത ഒളിച്ച് കടത്തുന്നതിന്‍റെ ഭാഗമാണ്. സമസ്ത ഉൾപ്പടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സിപിഎം ശ്രമം. ലീഗ് ജനാധിപത്യ പാർട്ടി ആണെന്ന് തന്നെയാണ് നിലപാട്. വർഗീയതയെ എതിർക്കണമെന്ന് പറയുന്നവരും അല്ലാത്തവരുമായി ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമി വിഷയത്തിൽ നിലപാട് എടുക്കാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറം ജില്ലയിൽ പുരോഗമിക്കുകയാണ്. വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. വൈകീട്ട് തിരൂരിലാണ് സമാപനം.