തൃശൂർ പാളത്തിൽ അറ്റകുറ്റപ്പണി; ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി, കെഎസ്ആ‌ർടിസി പ്രത്യേക സർവീസ് ഏർപ്പെടുത്തി

തൃശൂരിൽ പാളത്തിൽ നടക്കുന്ന അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം. ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1.ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
2. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു
3. രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂർ എക്‌സ്‌പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും
ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി- ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും

നാളെ റദ്ദാക്കിയത്
1. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി

ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി കെ എസ് ആ‌ർ ടി സി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആ‌ർ ടി സി അറിയിച്ചു. ജനശദാബ്ദി ട്രെയിനിനിന്‍റെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആ‌ർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആ‌ർ ടി സി അധികൃതർ അറിയിച്ചിട്ടുണ്ട്.