സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്; സുബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ

അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്. ആശുപത്രിയില്‍ സൂക്ഷിച്ചിരിന്ന മൃതദേഹം ഇന്ന് രാവിലെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വരാപ്പുഴ പുത്തന്‍പളളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിവെക്കും. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വൈകിട്ട് ചേരാനല്ലൂര്‍ പൊതുശ്മശാനത്തിലാണ് സംസ്‌കാരം. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 10മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബിയുടെ മരണം. ചിരിച്ചും ചിരിപ്പിച്ചും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയായിരുന്നു സുബി. ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.