എം ഷാജറിനെതിരെ വ്യാജ വാർത്ത നിർമ്മിച്ചതിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

ഡി വൈ എഫ് ഐ കേന്ദ്രകമ്മറ്റിയംഗം എം ഷാജറിനെ പ്രതികൂട്ടിൽ നിർത്തും വിധം വ്യാജ വാർത്ത നിർമ്മിച്ചതിനെരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി – ക്വട്ടേഷൻ – സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡി വൈ എഫ് ഐ സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ നിരവധി ശക്തമായ ക്യാമ്പയിനുകൾ ഇക്കാലമത്രയും സംഘടന ഏറ്റെടുത്തിട്ടുമുണ്ട്. ഈ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ഇതിന് നേതൃത്വം നൽകുന്നവർക്ക് ക്വട്ടേഷൻ – സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാൻ വലത് പക്ഷ മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുകയാണ്. ഇത്തരം വ്യാജ വാർത്തകൾ തള്ളിക്കളയണം. സമൂഹത്തിൽ വലത് പക്ഷ വൽക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരായ സമരം ആശയ തലത്തിലും പ്രായോഗിക തലത്തിലും എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് ഇനിയും മുന്നോട്ട് കൊണ്ട് പോവും. വ്യാജ വാർത്തകൾ നല്കി ഇത്തരം പോരാട്ടങ്ങളെ ദുർബലപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ നീക്കം തിരിച്ചറിയണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.