സമൂഹമാധ്യമത്തിലെ ഐഎഎസ്-ഐപിഎസ് പോര്; രൂപയേയും സിന്ദൂരിയേയും സ്ഥലം മാറ്റി

കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച ഡി രൂപ ഐപിഎസ്സിനെയും രോഹിണി സിന്ദൂരി ഐഎഎസ്സിനെയും സ്ഥലം മാറ്റി. ഇരുവർക്കും വേറെ പദവികളൊന്നും നൽകിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഡി രൂപയുടെ ഭർത്താവ് മുനിഷ് മൗദ്‍ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊവിഡ് കൺട്രോൾ റൂമിന്‍റെ ചുമതലയിൽ നിന്ന് ഡിപിഎആർ വിഭാഗത്തിലേക്കാണ് മാറ്റിയത്. മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് സ്ഥലം മാറ്റൽ. മൈസൂരു കെ ആർ നഗർ എംഎൽഎയുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്. ഇരുവർക്കും നിലവിൽ ഒരു സ്ഥാനവും നൽകിയിട്ടില്ല. കൊവിഡ് കാലത്ത് ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്സിജൻ ഇല്ലാതെ കുട്ടികളടക്കം മരിക്കാൻ കാരണമായത് രോഹിണിയുടെ അലംഭാവമാണെന്നടക്കം 20 ആരോപണങ്ങളുമായിട്ടായിരുന്നു രൂപയുടെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാമത്തെ പോസ്റ്റിലാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങൾ രൂപ പുറത്തുവിട്ടത്. മേലുദ്യോഗസ്ഥർക്ക് രോഹിണി അയച്ച ചിത്രങ്ങളെന്നായിരുന്നു ആരോപണം. രൂപയ്ക്ക് ഭ്രാന്താണെന്നും, തന്‍റെ വാട്‍സാപ്പ് സ്റ്റാറ്റസിലെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചതിന് നിയമനടപടിയെടുക്കുമെന്നും രോഹിണി ആവശ്യപ്പെട്ടു.