കർണാടകയിലെ ഐഎഎസ്, ഐപിഎസ് വനിത ഉദ്യോ​ഗസ്ഥരുടെ പോര്; ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി

കർണാടകയിൽ ഐഎഎസ്, ഐപിഎസ് വനിത ഉദ്യോ​ഗസ്ഥരുടെ പോര് അതിരുവിടുന്നു. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര്. രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സിന്ദൂരി അയച്ചതാണ് ഈ ഫോട്ടോകളെന്നാണ് രൂപയുടെ ആരോപണം. സിന്ദൂരിക്കെതിരെ നിരവധി ആരോപണങ്ങളാണ് രൂപ ആരോപിക്കുന്നത്. അതേ സമയം രൂപ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രചരണം നടത്തുകയാണെന്ന് സിന്ദൂരി പ്രസ്താവനയിൽ പറയുന്നു. ‘അവരുടെ നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണി’തെന്നും സിന്ദൂരി പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മോശമായ പെരുമാറ്റത്തിനും ക്രിമിനൽ കുറ്റങ്ങൾക്കും തുല്യമായ അവളുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ നിന്നെടുത്ത ഫോട്ടോകളാണ് എന്നെ അപകീർത്തിപ്പെടുത്താൻ അവർ ഉപയോ​ഗിച്ചിരിക്കുന്നത്. ഞാൻ ഉദ്യോ​ഗസ്ഥർക്ക് ഈ ചിത്രങ്ങൾ അയച്ചു കൊടുത്തു എന്നാണ് അവരുടെ ആരോപണം. അവരുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു”- സിന്ദൂരി പറയുന്നു.

2021-2022 വർഷങ്ങളിൽ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് നൽകിയ ഫോട്ടോകളാണിതെന്ന് പറഞ് രൂപ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം സിന്ദൂരിയുടെ ഏഴ് ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ”ഒരു വനിത ഐഎഎസ് ഉദ്യോ​ഗസ്ഥ ഇത്തരം ഫോട്ടോകൾ അയക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? ഒന്നോ, രണ്ടോ അല്ല, മൂന്ന് പുരുഷ ഉദ്യോ​ഗസ്ഥർക്കാണ് ഫോട്ടോകൾ അയച്ചിട്ടുള്ളത്. അപ്പോൾ ഇതിനെ വ്യക്തിപരം എന്ന് പറയാൻ കഴിയില്ല.” എന്ന് രൂപ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പെരുമാറ്റചട്ടങ്ങൾ അനുസരിച്ച് ഇത്തരം ഫോട്ടോകൾ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും രൂപ വ്യക്തമാക്കി.” സിന്ദൂരിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് രൂപയുടെ അധികാരികളോടുള്ള അഭ്യർത്ഥന. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി.