സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർകോട് തുടക്കമായി

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർകോട് തുടക്കമായി.മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന് പതാക കൈമാറി.
കേരളത്തിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാനാണ് യാത്ര ലക്ഷ്യമിടുന്നത് .സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്‌.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് പര്യടനം. ജാഥ ഒരു മാസം കൊണ്ട് കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്ത് അവസാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും.ഇന്ധന സെസ് മുതല്‍ ആകാശ് തില്ലങ്കേരി വരെ പാര്‍ട്ടിയേയും, സര്‍ക്കാരിനേയും വിവാദത്തിലാക്കിയ സാഹചര്യങ്ങള്‍ മറികടക്കാനും സിപിഐഎം ജാഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജാഥ ഒരോ മണ്ഡലങ്ങളിലെയും സ്വീകരണ വേദികളില്‍ എത്തുമ്പോഴും പരാമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് സിപിഐഎം തീരുമാനം.