സ്വപ്ന സാഫല്യം നേടി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ ബൈക്കിൽ ;പ്രചോദനമായതിന് അജിത്ത് കുമാറിന് നന്ദി   പറഞ്ഞ് താരം

പുതിയ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജുവിന്റെ പുതിയ വാഹനം.ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്തോടെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് വാർത്ത.അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

കഴിഞ്ഞ മാസമാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു.
പുതിയ ബൈക്കിന് പുറമെ സ്വന്തമായി മാരുതി ബലേനോയും, റേഞ്ച് റോവറുമുണ്ട് താരത്തിന്. ഇതിന് പുറമെ മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനവും താരം സ്വന്തമാക്കിയിരുന്നു.