ബിബിസി ഓഫീസുകളിലെ ആദായ നികുതി പരിശോധന അവസാനിച്ചു;പ്രതികരണവുമായി ആദായ നികുതി വകുപ്പ്

ബിബിസി ഓഫീസുകളിലെ മൂന്നു ദിവസം നീണ്ട ആദായ നികുതി പരിശോധന അവസാനിച്ചു. ഇന്നലെ രാത്രിയാണ് ദില്ലിയിലെയും മുംബൈയിലെയും പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്.
പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ്. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.