‘സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; ശുഹൈബ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട്

ലൈഫ് മിഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു.

ശുഹൈബ് വധക്കേസ് വിഷയത്തിൽ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാർട്ടിക്ക് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമെന്നും എം വി ഗോവിന്ദൻ പറഞ്ഞു .സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.