നെരൂദയെ കൊന്നത് തന്നെ!വിടപറഞ്ഞ്  അരനൂറ്റാണ്ടിനു ശേഷം നിർണായക കണ്ടെത്തൽ

വിഖ്യാത ചിലിയൻ കവിയും കമ്മ്യൂണിസ്റ് നേതാവുമായ പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സ്ഥിരീകരണം . വിടപറഞ്ഞ് അര നൂറ്റാണ്ടിന് ശേഷമാണ് വിഷം ഉള്ളിൽ ചെന്നത് തന്നെയാവാം നെരൂദയുടെ മരണ കാരണമെന്ന ഫോറന്‍സിക് സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വരുന്നത് .നെരൂദയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി അനന്തരവൻ റോഡോൾഫോ റെയ്‌സ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു .

ആഗസ്റ്റോ പിനോഷെയുടെ പട്ടാള അട്ടിമറി കഴിഞ്ഞ് 12 ദിവസത്തിനുശേഷമായിരുന്നു നെരൂദയുടെ മരണം. അതുവരെ ചിലെയുടെ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെ നെരൂദയുടെ ആത്മമിത്രമായിരുന്നു. എന്നാൽ, ആ വർഷം സിഐഎ -യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി കൊട്ടാരത്തിൽ ബോംബ് വീണു, അലെൻഡെ കൊല്ലപ്പെട്ടു. 12 ദിവസങ്ങൾക്ക് ശേഷം നെരൂദയുടെ മരണം -1973 സെപ്റ്റംബർ 23 -ന് സാന്തിയാഗോയിലെ ആശുപത്രിയിൽ. പോഷകാഹാര കുറവും അർബുദവുമാണ് നെരൂദയുടെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, വിപ്ലവവും പ്രണയവും വിരഹവും രചിച്ച് ആളുകളെ പ്രചോദിപ്പിച്ചിരുന്ന നെരൂദയുടെ മരണം കൊലപാതകമാണോ എന്ന് അന്ന് തന്നെ സംശയം ഉയർന്നിരുന്നു.