വാലന്റൈൻസ് ദിനത്തിൽ വിവാഹിതരാവാൻ ഒരുങ്ങി ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും

ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും വിവാഹിതരാവുന്നു. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും വാലന്റൈൻസ് ദിനമായ നാളെ ഒരുമിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരള പട്ടം നേടിയ ആളാണ് പ്രവീൺ. റിഷാന മിസ് മലബാർ പട്ടവും. സ്വത്വം വെളിപ്പെടുത്തിയ കാലത്ത് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് ഇവരെ ചേർത്തുപിടിച്ചു. ബോഡി ബിൽഡർ ആയിരുന്നു പ്രവീൺ. 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയുമായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിലും മത്സരിച്ചിട്ടുണ്ട്. സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി നിലവിൽ പ്രവർത്തിക്കുകയാണ് പ്രവീൺ. മിസ് മലബാർ പട്ടം സ്വന്തമാക്കിയ ആളാണ് റിഷാന. തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. കൂടാതെ ഇഷ്ട മേഖലയായ മോഡലിങ്ങിനും റിഷാന സമയം മാറ്റിവെക്കാറുണ്ട്. ‘കേൾക്കാൻ ആഗ്രഹമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ആകാംഷയുടെ പുറത്ത് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. 15 വയസ്സുള്ളപ്പോഴാണ് എന്റെ ഉള്ളിലെ മാറ്റം ഞാൻ തിരിച്ചറിഞ്ഞത്. പിരീഡ്സ് ആകുമ്പോഴും, ബ്രെസ്റ്റ് വളർച്ച ഉണ്ടാകുമ്പോഴും അസ്വസ്ഥ തോന്നിയിരുന്നു. അധ്യാപകർ ഇക്കാര്യം മനസിലാക്കി. അവർ വീട്ടിൽ അറിയിച്ചു. വീട്ടുകാർ കൗൺസിലിംഗിന് കൊണ്ടുപോയി. അവഗണനയും അവഹേളനയും തന്നെയായിരുന്നു പിന്നീട്. ഇതിനിടെ, ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. അത് വീട്ടുകാർ അറിഞ്ഞു. ആകെ ബഹളമായി. ഒടുവിൽ 18 വയസുള്ളപ്പോൾ വീട് വിട്ടിറങ്ങേണ്ടി വന്നു. സഹയാത്രിക അന്ന് കൂടെ ഉണ്ടായിരുന്നു. നന്നായി പഠിക്കണമെന്നും, സ്വന്തം കാലിൽ നിൽക്കണമെന്നും വീട്ടുകാർ പറഞ്ഞു. മഹാരാജാസിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് ലിംഗമാറ്റ ശാസ്ത്രക്രിയ ചെയ്യുന്നത്. മീശയും താടിയും വന്നപ്പോൾ സന്തോഷം തോന്നി. ഒടുവിൽ പതുക്കെ വീട്ടുകാർ കൂടെ നിന്നു. പക്ഷെ നാട്ടുകാർ വെറുതെവിട്ടില്ല. അവർ കളിയാക്കികൊണ്ടിരുന്നു എന്ന് പ്രവീൺ തുറന്ന് പറയുന്നു.