യുഎഇയില്‍ പാലക്കാട് സ്വദേശിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ. ഷാര്‍ജയിലെ ബുതീനയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുന്ന മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30നാണ് സംഭവം. സഹപ്രവര്‍ത്തകരും ഒരു പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ സമീപത്തെ ഒരു കഫെറ്റീരിയയില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായാണ് ഹക്കീം അവിടെ എത്തിയത്. പ്രകോപിതനായ പാകിസ്ഥാന്‍ സ്വദേശി കഫെറ്റീരിയയില്‍ നിന്ന് ഒരു കത്തി എടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. ഹക്കീമിന് പുറമെ രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്തുകാരനും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹക്കീമിന് മൂന്ന് തവണ കുത്തേറ്റുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ പരിസരത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഷാര്‍ജയില്‍ ഒപ്പമുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.