എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നെന്ന് ടി എൻ എം നേതാവ് പി നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന വാദവുമായി തമിഴ് സംഘടനാ നേതാവ്. തമിഴ് നാഷണൽ മൂവ്മെന്റ് (ടിഎൻഎം) നേതാവ് പി നെടുമാരൻ ആണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉചിതമായ സമയത്ത് വെളിയിൽ വരുമെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.”തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തുന്നത്” ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.

ശ്രീലങ്കയിൽ പ്രത്യേക രാജ്യം ആവശ്യപ്പെട്ട തമിഴ് പുലികൾക്കെതിരേയും അവരെ അനുകൂലിക്കുന്നവർക്ക് എതിരേയും ശ്രീലങ്ക വ്യാപക സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രഭാകരൻ കൊല്ലപ്പെട്ടുവെന്ന്ശ്രീലങ്കൻ സൈന്യം അവകാശപ്പെട്ടത്.
ഇതിനിടെ, നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കൻ മുൻ മന്ത്രി എം പി ശിവാജിലിംഗം രംഗത്തെത്തി. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാൻ കഴിയില്ലെന്നും സത്യമാണെങ്കിൽ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാർ സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞു.