ഭൂചലനത്തിൽ കട്ടിലിൽ മരിച്ചു കിടക്കുന്ന മകളുടെ കൈവിടാതെ പിടിച്ചിരിക്കുന്ന അച്ഛൻ, ഹൃദയം തകർത്ത് തുർക്കിയിൽ നിന്നുള്ള ചിത്രം

കഴിഞ്ഞ ദിവസംങ്ങളിൽ തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മരണനിരക്ക് 11,000 കടന്നു എന്നാണ്. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു, ആളുകൾ ജീവനുവേണ്ടി നാലുപാടും അലയുകയാണ്. ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം ഉണ്ടാവുന്നത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു ഭൂചലനം. ദുരന്തഭൂമിയിൽ നിന്നുള്ള ആരുടേയും ഹൃദയം തകർക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതലും. ക്ഷണനേരങ്ങൾ കൊണ്ട് കെട്ടിടങ്ങൾ നിലം പൊത്തുന്നതും രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ എങ്ങനെയാണ് ആളുകളെ രക്ഷപ്പെടുത്തിയെടുക്കാൻ കഠിനപ്രയത്നം ചെയ്യുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം. കെട്ടിട അവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കയ്യും പിടിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രം. ഫോട്ടോഗ്രാഫർ അഡെം ആൾട്ടൻ പകർത്തിയ ചിത്രമാണ് അത്.
ചിത്രത്തിൽ തന്റെ കുടുംബാം​ഗങ്ങളെ ഭൂചലനത്തിൽ നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. മരിച്ചു പോയിട്ടും കൈവിടാനാകാതെ അതിലൊരാളുടെ കയ്യിൽ പിടിച്ചിരിക്കുന്ന മനുഷ്യന്റെ ചിത്രമാണ് അത്. ​ഗാർ‌ഡിയനിലെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മകളായ പെൺകുട്ടിക്ക് ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണിട്ടുള്ളത് ചിത്രത്തിൽ കാണാം.