‘സിയ സഹദിന് കുഞ്ഞ് ജനിച്ചു. അച്ഛന്‍ സഹദ് സുഖമായിരിയ്ക്കുന്നു’ ആശംസാ പ്രവാഹമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ

കേരളം കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുകയാണ്.ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാതാപിതാക്കളായി  കേരളത്തിലെ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയും സഹദും മാറിയിരിയ്ക്കുന്നു. ഇന്ന് രാവിലെയോടെ ഇരുവർക്കും കുഞ്ഞ് പിറന്നു. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കൾ രംഗത്തെത്തി. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് അത് കുഞ്ഞ് വലുതാകുമ്പോൾ പറയുമെന്നും ആദം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായിരിക്കുകയാണ് സഹദ്.കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.