മൈക്കൽ ജാക്സന്റെ ജീവചരിത്രം സിനിമയാകുന്നു .ജാക്സനെ അവതരിപ്പിക്കുന്നത് അനന്തിരവൻ

പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിൽ ജാക്സനെ അവതരിപ്പിക്കുന്നത് ജാക്സന്റെ സഹോദരൻ ജെർമൈൻ ജാക്സന്റെ മകൻ ജാഫർ ജാക്സൻ ആണ്.ജെർമൈൻ ജാക്സന്റെ മക്കളിൽ രണ്ടാമനാണ് 26-കാരനായ ജാഫർ. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് കുടുംബത്തിൽ നിന്ന് തന്നെ അഭിനേതാവിനെ കണ്ടെത്തിയത്. അന്റോയിൻ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മൈക്കൽ’ എന്നാണ് പേര്. ഓസ്കർ ചിത്രം ‘ബൊഹിമിയൻ റാപ്‌സൊഡി’ നിർമ്മിച്ച ഗ്രഹാം കിങ് ആണ് ‘മൈക്കലി’ന്റെയും നിർമ്മാതാവ്. ലോകം മുഴുവൻ തേടിയ ശേഷമാണ് ജാക്സൻ ആകാൻ ജാഫറിനെ കണ്ടെത്തിയതെന്ന് ഗ്രഹാം കിങ് പ്രതികരിച്ചു. ഗ്ലാഡിയേറ്റർ, ദി ഏവിയേറ്റർ തുടങ്ങിയവ എഴുതിയ ജോൺ ലോഗെൻ ആണ് ജാക്സന്റെ തിരക്കഥയ്ക്ക് പിന്നിൽ.

ജാക്സനെപ്പോലെ സ്വന്തം സംഗീതപാത തിരഞ്ഞെടുത്ത ജാഫർ 2019-ലാണ് ആദ്യ ആൽബമായ ‘ഗോട്ട് മി സിങ്ങിങ്’ പുറത്തിറക്കിയത്. ജാക്സൻ സഹോദരന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്ന മൈക്കൽ ജാക്സനെ, ‘ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി’ എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അടയാളപ്പെടുത്തുന്നത്. ജാക്സനെ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജാഫർ ട്വിറ്ററിൽ പ്രതികരിച്ചു. ജാഫറിന്റെ ആദ്യചിത്രമാണ് മൈക്കൽ.