ബാഹുബലിയെയും കെജിഎഫിനെയും പിൻതള്ളി കോടികൾ തൂത്തുവാരി പഠാൻ കുതിക്കുന്നു

തെന്നിന്ത്യൻ ചിത്രങ്ങളുടെ റെക്കോർഡ് കളക്ഷൻ കണക്കുകൾ ഇനി പഴങ്കഥ .ബോക്സ് ഓഫീസിൽ പൊടി പൊടിച്ച് ഷാരൂഖ് ഖാന്റെ പഠാൻ. റിലീസിനെത്തി ആറ് ദിവസം പിന്നിടുമ്പോൾ മുന്നിൽ നിന്നിരുന്ന . ഏറ്റവും വേഗത്തിൽ 300 കോടി കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടം ഇനി പഠാനാണ്. കെജിഎഫ് ചാപ്റ്റർ 2, ബാഹുബലി 2, ദംഗൽ എന്നീ ചിത്രങ്ങളുടെ കളക്ഷൻ ആണ് ചിത്രം ഒരാഴ്ചയിൽ മറികടന്നത്. ദംഗൽ 13 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി വേർഷൻ പത്ത് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി വേർഷൻ 11 ദിവസം കൊണ്ടുമാണ് 300 കോടി ക്ലബ്ബിൽ എത്തിയത്. ചിത്രം ഇതുവരെ ആഗോളതലത്തിൽ 600 കോടി കളക്ഷൻ പിന്നിട്ടിട്ടുണ്ട്.

ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം വന്നതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്. രാജ്യത്തിന് പുറത്തും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വലുതാണ്. 2018-ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. കരിയറിലെ തുടർച്ചയായ പരാജയങ്ങൾ കൊണ്ട് ഇടവേളയെടുത്ത് പോകുന്നതായി ഷാരൂഖ് അറിയിക്കുന്നത് നാല് വർഷങ്ങൾക്ക് മുൻപാണ്. പഠാൻ പ്രഖ്യാപിച്ച്, ഒടുവിൽ തിയേറ്ററിലെത്താൻ കാലതാമസവുമെടുത്തു. കൊവിഡിന് ശേഷം ഉത്തരേന്ത്യൻ തിയേറ്ററുകളിൽ കാണികൾ ഒരു ചിത്രത്തിനായി ദിവസങ്ങളെണ്ണി കാത്തിരുന്നിട്ടുണ്ടെങ്കിൽ, അത് ‘പഠാന്’ വേണ്ടി മാത്രമാണ്. ഒരുതരി നിരാശപ്പെടുത്താൻ ഷാരൂഖ് തയാറാകാതിരുന്നതോടെ തിയേറ്ററിലേയ്ക്ക് ഒഴുകുകയാണ് പ്രേക്ഷകരും.