രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതു തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേൾക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ആദായ നികുതി സ്ളാബുകളിൽ ഇളവുകൾ, നികുതി ദായകർക്ക് ആശ്വാസമായ നയങ്ങൾ അടക്കം ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും ഉറ്റുനോക്കുന്നുണ്ട്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ആരോഗ്യമേഖലക്കും മുൻതൂക്കം നൽകണം. 2023-24 വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനുള്ള നടപടികൾക്ക് ബജറ്റ് ഊന്നൽ നൽകാനാണ് സാധ്യത. അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികളും സേനയുടെ നവീകരണവും ലക്ഷ്യം വച്ച് പ്രതിരോധ മേഖലയ്ക്കും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും.