റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല ; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ

റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കാതെ തെലങ്കാന സർക്കാർ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡും സംഘടിപ്പിച്ചില്ല.രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പങ്കെടുത്തില്ല. ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആണ് ദേശീയ പതാക ഉയർത്തിയത് . ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്തത്.

സംസ്ഥാന സർക്കാർ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തണമെന്ന കേന്ദ്ര നിർദേശം പാലിക്കാൻ തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. എല്ലാ വർഷവും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കാറുളളത്. എന്നാൽ സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ജനുവരി 19 ന് റിപ്പബ്ലിക് ദിന പരിപാടി നടത്തുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് ഗവർണർ ആരോപിച്ചിരുന്നു.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തെലങ്കാനയിൽ വലിയ രീതിയിൽ ആഘോഷം നടന്നിരുന്നില്ല. പരേഡ് ഗ്രൗണ്ടിൽ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ പരിപാടി മാറ്റിവെച്ചത്. ഇതേ തുടർന്ന് സംസ്ഥാനത്ത് രണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങളായിരുന്നു കഴിഞ്ഞ വർഷം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ സംസ്ഥാന സർക്കാരിന്റെ പതാക ഉയർത്തൽ ചടങ്ങ് നടത്തിയപ്പോൾ ഗവർണർ പങ്കെടുക്കാതെ വേറെ പതാക ഉയർത്തുകയായിരുന്നു.