‘പ്രായപൂർത്തിയാകാതെ കഴിക്കുന്ന വിവാഹം അസാധുവല്ല’;കര്‍ണാടക ഹൈക്കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വധുവിന് 18 വയസ്സ് ആയില്ലെങ്കിൽ വിവാഹം അസാധുവല്ലെന്ന് കര്‍ണാടക ഹൈക്കോടതി.വധുവിന് 18 വയസ് പൂര്‍ത്തിയാവാത്ത വിവാഹം അസാധുവാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വിധി. കുടുംബ കോടതി വിധിക്കെതിരെ ഷീല എന്ന യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഹിന്ദു വിവാഹ നിയമത്തിലെ 11-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാണെന്ന് കുടുംബ കോടതി വിധിച്ചത്. എന്നാല്‍ ഈ വിധിയെ ഹൈക്കോടതി തള്ളുകയും 11-ാം വകുപ്പില്‍ അസാധു വിവാഹങ്ങളുടെ പരിധിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് വിലയിരുത്തുന്നതില്‍ കോടതിക്ക് തെറ്റ് പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു.

2015 ലാണ് കുടുംബകോടതി വിധിക്കെതിരെ ഷീല ഹൈക്കോടതിയെ സമീപിക്കുന്നത്. 2012 ജൂണ്‍ 15 നാണ് മഞ്ജുനാഥിനെ ഷീല വിവാഹം കഴിക്കുന്നത്. എന്നാല്‍ ഷീല ജനിച്ചത് 1995 സെപ്റ്റംബര്‍ ആറിനാണെന്നും വിവാഹം കഴിക്കുമ്പോള്‍ 18 വയസ്സ് തികഞ്ഞിരുന്നില്ലാ എന്നും മഞ്ജു നാഥ് പിന്നീട് മനസ്സിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാഹം അസാധുവാക്കുന്നതിനായി മഞ്ജുനാഥ് കോടതിയെ സമീപിച്ചത്. വിവാഹ ദിവസം ഷീലയ്ക്ക് 16 വര്‍ഷവും 11 മാസവും 8 ദിവസവുമായിരുന്നു പ്രായമെന്ന് കുടുംബ കോടതി കണ്ടെത്തി. വിവാഹം അസാധുവാണെന്നും കോടതി വിധിച്ചു. തുടര്‍ന്നായിരുന്നു ഷീല ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്