ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിയ മിലിയയിലെ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം

ബിബിസി ഡോക്യുമെന്ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിക്കാനിരിക്കെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു..ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വ്വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റഡി. യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അസീസിനെ സുഖ്‌ദേവ് വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.