ഡൊമിനിക്ക ഇന്‍ ദ കരീബിയന്‍ ദ്വീപിലെ ഒരു മല്‍സ്യ തൊഴിലാളി ഏകനായി കടലില്‍ കുടുങ്ങിയത് 24 ദിവസങ്ങള്‍. രക്ഷപ്പെടുമെന്ന് ഒരുറപ്പുമില്ലാതിരുന്നിട്ടും ആരെങ്കിലും തന്നെ കണ്ടെത്തും എന്നുറപ്പിച്ച് മുങ്ങാറായ ബോട്ടില്‍ അയാൾ കഴിച്ചുകൂട്ടി .ബോട്ടിലുണ്ടായിരുന്ന അല്‍പ്പം കെച്ചപ്പും മഞ്ഞള്‍പ്പൊടിയും മാത്രമായിരുന്നു അയാൾക്ക് ഏക ആശ്വാസം. കൊളംബിയന്‍ നാവിക സേനയാണ് എല്‍വിസ് ഫ്രാങ്കോ എന്ന മല്‍സ്യ തൊഴിലാളിയുടെ അസാധാരണമായ അതിജീവനത്തിന്റെ കഥ വിവരിക്കുന്ന വീഡിയോ പുറത്തിറക്കിയത് .
തീരത്തോട് അടുത്ത് ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഫ്രാങ്കോ ആഴക്കടലിനുള്ളില്‍ പെട്ടുപോയത്. പെട്ടെന്ന് പ്രകൃതി ക്ഷോഭിക്കുകയും ഫ്രാങ്കോയും ബോട്ടും കരകാണാക്കടലിലേക്ക് എത്തപ്പെടുകയുമായിരുന്നു.ഏതെങ്കിലും ബോട്ടോ കപ്പലോ കാണുന്നതിനായി തന്റെ ബോട്ടിനു മുകളില്‍ ‘സഹായം’ എന്ന് വലിയ അക്ഷരത്തില്‍ ഇയാൾ എഴുതി വെച്ചിരുന്നു. എന്നാല്‍, ഒരാളും സഹായത്തിന് എത്താതെ ദിവസങ്ങള്‍ കടന്നുപോയി. അനേകം ബോട്ടുകളെയും കപ്പലുകളെയും അകലെ കണ്ടിരുന്നു. എന്നാല്‍, അവരാരും അയാളെ ശ്രദ്ധിക്കാതെ കടന്നു പോയി. 23-ാം ദിവസം ഒരു വിമാനമാണ് ഇയാളെ ഒടുവില്‍ കണ്ടെത്തിയത്.പ്യൂവര്‍ട്ടോ ബൊലിവറില്‍നിന്ന് 120 നോട്ടില്‍ മൈല്‍ തെക്ക് പടിഞ്ഞാറായാണ് ഇയാളെ അവസാനം കണ്ടെത്തിയതും നാവിക സേനാ ബോട്ടുകള്‍ രക്ഷപ്പെടുത്തിയത് .
”ഒരു കണ്ണാടിയാണ് എന്നെ രക്ഷപ്പെടുത്തിയത്. കണ്ണാടി ഉപയോഗിച്ച് ഞാന്‍ സൂര്യപ്രകാശത്തെ ആ വിമാനത്തിനു മുകളില്‍ പതിപ്പിക്കാന്‍ ശ്രമിച്ചു. വിമാന ജീവനക്കാര്‍ എങ്ങനെയോ അതു ശ്രദ്ധിച്ചു. അവര്‍ എന്റെ ബോട്ടിനു മുകളിലൂടെ പറന്നു. അതിനുശേഷം നാവിക സേനയെ വിവരമറിയിച്ചു. അങ്ങനെയാണ്, എന്റെ രക്ഷപ്പെടലിനുള്ള വഴിയൊരുങ്ങിയത്.”-വീഡിയോയില്‍ ഫ്രാങ്കോ പറയുന്നു.
”എന്റെ കൈയില്‍ ഭക്ഷണം ഒന്നുമുണ്ടായിരുന്നില്ല. ബോട്ടിനകത്താണെങ്കില്‍ ഒരു കുപ്പി കെച്ചപ്പു മാരതമാണുണ്ടായിരുന്നത്. പിന്നെ അല്‍പ്പം മഞ്ഞള്‍പ്പൊടിയും. മഴവെള്ളം ശേഖരിച്ച്, കെച്ചപ്പ് അതില്‍ കലക്കി അല്‍പ്പം മഞ്ഞള്‍ പൊടിയുമിട്ടാണ് ഞാന്‍ കഴിച്ചു കൊണ്ടിരുന്നത്. അതു കൊണ്ടു മാത്രമാണ്, 24 ദിവസം തനിയെ ഞാന്‍ കടലില്‍ അതിജീവിച്ചത്.”-എല്‍വിസ് ഫ്രാങ്കോ എന്ന 47-കാരന്‍ പറയുന്നു.