കേരള ഘടകം എതിർപ്പ് രേഖപ്പടുത്തി ;ഭാരത് ജോഡോ യാത്രയില്‍ സിപിഐഎം പങ്കെടുക്കില്ല

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം . കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തില്‍ സിപിഐഎമ്മിനെ അപമാനിച്ചു എന്നാണ് വിമര്‍ശനം. അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ സിപിഐ പങ്കെടുക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ജമ്മുകശ്മീരില്‍ തുടരുകയാണ്. കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനം കൂടിയാക്കാനാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇതിനായി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നു. ഈ മാസം 30ന് ശ്രീനഗര്‍ ഷേര്‍ ഇ കാശ്മീര്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. സിപിഐ നേതാക്കളെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.