മോഹന്‍ലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ തുടങ്ങി. മലയാളത്തിലെ മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകി ശ്രദ്ദേയനായ സംവിധായകൻ ലിജോ മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം വരുന്നെന്ന പ്രഖ്യാപനം വന്നത് തൊട്ട് ആരാധകർ ആകാംക്ഷയിലാണ് .ചിത്രീകരണത്തില്‍ പങ്കെടുക്കാനായി ഇന്നലെയാണ് മോഹന്‍ലാല്‍ രാജസ്ഥാനില്‍ എത്തിയത്. ചിത്രത്തിന്‍റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ അനൌദ്യോഗിക ചിത്രങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വൈറലാണിപ്പോൾ .
ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.
ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം രണ്ട് ദിവസം മുന്‍പാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.