ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ.ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയത് . കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്ന് സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയിട്ടുണ്ട്.ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം ആൾക്കൂട്ടം ഉണ്ടാകരുതെന്നും കാൽനടയായി യാത്ര ചെയ്യുന്നത് ഒഴിവാക്കാനും പകരം കാറിൽ യാത്ര ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ തങ്ങേണ്ട സ്ഥലങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരിൽ പ്രവേശിക്കുക. ജനുവരി 25 ന് ബനിഹാലിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. രണ്ട് ദിവസത്തിന് ശേഷം അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. രാഹുൽ ഗാന്ധിക്ക് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിനൊപ്പം കാവലിന് ഉണ്ടാവാറുണ്ട്.