സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടുപെട്ടി അപ്രത്യക്ഷമായി; വിവാദമായ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്ട്രോങ്ങ് റൂമിലെ വോട്ടുപെട്ടി അപ്രത്യക്ഷമായ സംഭവത്തിൽ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചിരുന്നു.

ഇന്നലെ സ്ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാൽ വോട്ട് പെട്ടികളിൽ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിൻ രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തുകയായിരുന്നു . സ്ട്രോങ്ങ് റൂമിലെ വോട്ടു പെട്ടി എങ്ങനെ മറ്റൊരു സ്ഥലത്ത് എത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും വിവാദം നിലനിൽക്കുകയാണ്. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്.

പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. ഹർജി നിലനിൽക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസ്സ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വോട്ടുകൾ എണ്ണാതിരുന്ന നടപടി മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും രംഗത്തെത്തിയിട്ടുണ്ട്