രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന യുവതിയെ കഷ്ണങ്ങളായി മുറിക്കാന്‍ പങ്കാളി ഉപയോഗിച്ചത് അറക്കവാളെന്ന് റിപ്പോര്‍ട്ടിൽ. ശ്രദ്ധയുടെ മൃതദേഹം അറക്കവാള്‍ ഉപയോഗിച്ചാണ് അഫ്താബ് കഷ്ണങ്ങളാക്കി മുറിച്ചത്. അഫ്താബ് ശ്രദ്ധയുടെ എല്ലുകള്‍ മുറിച്ചതെങ്ങനെയാണെന്നതിനാണ് ഇതോടെ ഉത്തരമാകുന്നത്. 23 എല്ലിന് കഷ്ണങ്ങളാണ് ദില്ലി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് നൽകിയത്.
ജനുവരി അവസാന വാരം ദില്ലി സാകേത് കോടതിയില്‍ കേസിന്റെ കുറ്റപത്രം ദില്ലി പൊലീസ് സമര്‍പ്പിക്കുമെന്നാണ് സൂചന. ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടിലാണ് ഈ അറക്കവാള്‍ ഉപേക്ഷിച്ചത്. ഇറച്ചി വെട്ടുന്ന കത്തി തെക്കന്‍ ദില്ലിയിലെ ഒരു കുപ്പത്തൊട്ടിയിലാണ് ഉപേക്ഷിച്ചതെന്നും ദില്ലി പൊലീസ് പറഞ്ഞു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളിംഗ് ചെയ്ത ശേഷമായിരുന്നു എല്ലിന് കഷ്ണങ്ങള്‍ വിശദമായ പരിശോധന നടത്തിയത്. തെക്കന്‍ ദില്ലിയിലെ മെഹ്റൂളി വന മേഖലയില്‍ നിന്നാണ് ഈ എല്ലിന് കഷ്ണങ്ങള്‍ കണ്ടെത്തിയത്. അഫ്താബിന്റെ വിശദമായ നുണപരിശോധനാ ഫലവും ദില്ലി പൊലീസിന് ലഭിച്ചിരുന്നു. തുടക്കത്തില്‍ 13 എല്ലിന് കഷ്ണങ്ങളാണ് ദില്ലി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ലിവ് ഇന്‍ പങ്കാളി ആയിരുന്ന ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 35 കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ആഴ്ചയോളം സ്വന്തം വീട്ടില്‍ സൂക്ഷിച്ച ശേഷം ദിവസങ്ങളെടുത്ത് ദില്ലി നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. നവംബര്‍ 12 നാണ് അഫ്താബ് അമീന് പൂനാവാല അറസ്റ്റിലായത്. ശ്രദ്ധയുടെ ശരീരത്തിലെ ഇറച്ചി മുറിക്കാന്‍ ഉപയോഗിച്ചത് ചൈനീസ് നിർമ്മിത കത്തിയാണെന്ന് അഫ്താബ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. മെഹ്റോളിയിലെ അഫ്താബിന്റെ ഫ്ലാറ്റിൽ നിന്ന് നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.