വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി ലഭ്യമാക്കി കുസാറ്റ്; സംസ്ഥാനത്ത് ഇത് ആദ്യം

വിദ്യാര്‍ഥിനികള്‍ക്ക് ഹാജരില്‍ ആര്‍ത്തവ അവധി ലഭ്യമാക്കാന്‍ തീരുമാനിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്). ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജരില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ് അവകാശപ്പെടാന്‍ അനുവദിക്കുന്നതാണ് സര്‍വകലാശാലയുടെ പുതിയ ഉത്തരവ്. ഹാജര്‍ കുറവിനെത്തുടര്‍ന്ന് പരീക്ഷാ അവസരം നഷ്ടപ്പെടുന്നത് ഇതോടെ ഒഴിവാകും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം. സാധാരണയായി മൊത്തം പ്രവൃത്തി ദിവസത്തിന്റെ 75 ശതമാനം ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ അനുവാദമുള്ളത്. അസുഖങ്ങള്‍ കാരണം ക്ലാസുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും അപേക്ഷ വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്താല്‍ ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം ഫീസ് അടയ്ക്കണം. എന്നാല്‍, ആര്‍ത്തവ അവധി ആവശ്യപ്പെടുന്നതിന് ഇത്തരം നടപടിക്രമങ്ങള്‍ ആവശ്യമില്ല. എല്ലാ സെമസ്റ്ററിലും പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ 73 ശതമാനം ആയി കുറച്ചു. തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

എല്ലാ ആര്‍ത്തവചക്രത്തിലും രണ്ട് ദിവസം വീതം അവധിയോടൊപ്പം വര്‍ഷത്തില്‍ 24 ദിവസത്തെ അവധി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമില്ലാത്തതിനാല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം അംഗീകരിക്കാനായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ആര്‍ത്തവചക്രത്തിലും രണ്ട് ദിവസം വീതം അവധിയോടൊപ്പം വര്‍ഷത്തില്‍ 24 ദിവസത്തെ അവധി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലാത്തതിനാല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം അംഗീകരിക്കാനായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അധിക അവധി അനുവദിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.