‘ശരദ് യാദവ് പാർലമെന്റിലെ ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി പോരാടിയ ദേശീയ ശബ്ദം’; അനുശോചിച്ച് പ്രമുഖർ

ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായ ശരദ് യാദവ് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ അന്തരിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകളാണ് മരണവാർത്ത സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് ശരദ് യാദവ്  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദീർഘകാലം അദ്ദേഹം ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്നാണ് ശരദ് യാദവ് പിന്നീട് ലോക്താന്ത്രിക് ജനതാദൾ രൂപീകരിക്കുന്നത് .എന്നാൽ അതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് അദ്ദേഹം അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പിന്നീസ് ലോക് തന്ത്രിക് പാർട്ടിയെ ആർജെഡിയിൽ ലയിപ്പിക്കുകയായിരുന്നു

99നും 2004-നും ഇടയില്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ശരദ് യാദവ് വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ശരദ് യാദവ് . 33 വർഷം പാർലമെന്റ് അംഗമായിരുന്നു. 1947 ജൂലൈ 1 ന് മധ്യപ്രദേശത് ഹോഷംഗബാദ് ജില്ലയിൽ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റേയും സുമിത്ര യാദവിന്റെയും മകനായിട്ടായിരുന്നു ജനനം. ജബൽപൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇദ്ദേഹം രംഗ പ്രവേശം ചെയ്യുന്നത് .

ശരദ് യാദവിന്റെ മരണത്തിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ച്   രംഗത്തെത്തി .ശരദ് യാദവിന്റെ വിയോഗത്തിൽ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം വേറിട്ടു നിന്നു. ഡോ. റാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങൾ തമ്മിലുള്ള ഇടപെടലുകളെ എപ്പോഴും വിലമതിക്കുന്നു “എന്നും പ്രധാന മന്ത്രി പറഞ്ഞു . ശരദ് യാദവ് പാർലമെന്റിലെ ഉജ്വല ശബ്ദമായിരുന്നുവെന്ന് രാഷ്ട്രപതി അനുശോചിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയ അദ്ദേഹം, പാർലമെന്റിൽ പ്രധാന ദേശീയ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രവർത്തകരെയും അനുശോചനം അറിയിക്കുന്നു”- എന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.സോഷ്യലിസ്റ്റ് നേതാവ് എന്നതിനൊപ്പം എളിമയുള്ള വ്യക്തിയായിരുന്നു ശരദ് യാദവ് എന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. ശരദ് യാദവിൽനിന്ന് ഏറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.