വിവാഹം കഴിഞ്ഞാൽ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കണമെന്നത് എല്ലാ നവദമ്പതികളുടെയും ആഗ്രഹമാണ്. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ജോലി അതിന് തടസമാകാറുണ്ട്. ലീവ് കിട്ടാത്തതായിരിക്കും പ്രധാന കാരണം. ഉത്തർപ്രദേശിലെ ഒരു പൊലീസ് കോൺസ്റ്റബിളിന് ജോലി മൂലം ഇതുപോലെ ഒരു പണി കിട്ടിയിരിക്കുകയാണ്. ഒടുവിൽ ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ച് ഇയാൾ എഴുതിയിരിക്കുന്ന ലീവ് ലെറ്റർ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ഒരു കോൺസ്റ്റബിൾ എസ്പിക്ക് സമർപ്പിച്ച അവധി അപേക്ഷയാണ് ഓൺലൈനിൽ വൈറലായത്. തന്റെ ഭാര്യയ്ക്ക് ഭയങ്കര ദേഷ്യം വന്നിരിക്കുകയാണ് എന്നും അതിനാൽ ലീവ് തന്നേ തീരൂ എന്നുമാണ് കോൺസ്റ്റബിൾ എസ്‍പിക്ക് സമർപ്പിച്ച് ലീവ് അപേക്ഷയിൽ പറയുന്നത്. ലീവ് കിട്ടാത്ത കാരണം ദേഷ്യം വന്ന ഭാര്യ തന്റെ ഫോൺകോളുകൾ പോലും അറ്റൻഡ് ചെയ്യുന്നില്ല എന്നും ഇയാൾ അപേക്ഷയിൽ പറയുന്നു. കൂടാതെ എപ്പോഴൊക്കെ ഇയാൾ വിളിക്കുന്നുവോ അപ്പോഴെല്ലാം ഫോൺ ഭാര്യ ഇയാളുടെ അമ്മയുടെ കയ്യിൽ കൊടുക്കുകയാണ്. കഴിഞ്ഞ മാസമാണ് താൻ വിവാഹിതൻ ആയതെന്നും അധികം സമയം ഭാര്യയുടെ കൂടെ ചെലവഴിക്കാതെ ജോലിക്ക് കയറേണ്ടി വന്നു എന്നും അവധിക്ക് വേണ്ടിയുള്ള അപേക്ഷയിൽ പറയുന്നു. അവധി കിട്ടാത്തത് ഭാര്യയെ ദേഷ്യം കൊള്ളിച്ചു. അതിന് ശേഷം ഭാര്യ തന്നോട് സംസാരിക്കുന്നില്ല. “എന്റെ മരുമകന്റെ ജന്മദിനത്തിൽ ഞാൻ വീട്ടിലേക്ക് വരുമെന്ന് ഞാൻ ഭാര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ദയവായി എനിക്ക് ജനുവരി 10 മുതൽ ഏഴ് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കണം” എന്നാണ് അവധി അപേക്ഷയിൽ പറയുന്നത്. ഏതായാലും കത്ത് വൈറലാവുകയും ചെയ്‌തു. പൊലീസുകാരന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കുകയും ചെയ്തു.