മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാര നിറവിൽ ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർആറിനാണ് പുരസ്‌കാരം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. എം എം കീരവാണിയാണ് സംഗീതം ഒരുക്കിയത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ. 14 വർഷത്തിനു ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്കെത്തുന്നത്. 2009 ല്‍ എ ആര്‍ റഹ്മാന് പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരം തന്റെ സഹോദരനായ രാജമൗലിക്കുള്ളതാണെന്ന് കീരവാണി പറഞ്ഞു. തനിക്കൊപ്പം പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും നന്ദിയും ആശംസകളും അദ്ദേഹം അറിയിച്ചു. സംവിധായകൻ രാജമൗലി, ജൂണിയർ എൻ.ടി.ആർ, റാം ചരൺ തുടങ്ങിയവരും പുരസ്കാരദാന ചടങ്ങിനെത്തിയിരുന്നു.