കൈക്കോട്ട് പണിയിൽ അമ്പതാം വാർഷികം ആഘോഷിച്ച് ബാലേട്ടൻ;ആദരിച്ച് നാട്ടുകാർ

പല തരം വാർഷിക ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ കൈക്കോട്ട് പണിയിൽ അമ്പത് ആണ്ട് തികച്ചതിന് ഒരാഘോഷം,അത് ഉറപ്പായും വ്യത്യസ്തമായിരിക്കും.വടക്കേ മൊയോർ കുന്നുമ്മൽ ബാലൻ എന്ന നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ് തന്റെ കൈ തൊഴിലായ കൈക്കോട്ട് പണിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നത് .കൂത്താളി സ്വദേശിയായ ബാലന്‍റെ വീടിന് മുന്നിൽ ഇക്കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ബാനറാണിത്. കൈക്കോട്ട് പണിയുടെ അമ്പതാം വാർഷികം. ആ വാർഷികം ആഘോഷമാക്കുകയാണ് ഈ കർഷക തൊഴിലാളി. ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചതും ബാലൻ തന്നെയാണ്.
73 ൽ പാളത്തൊപ്പിയും വെച്ച് തുടങ്ങിയതാണ് മണ്ണിൽ വിയർപ്പൊഴുക്കിയുള്ള ജീവിതം.ബാലനെ ആദ്യമായി കൈക്കോട്ട് പണിക്ക് വിളിച്ചവരാണ് ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തിയത്. പിന്നെ നാട്ടുകാരും. പൊന്നാട അണിയിച്ച് ബാലനെ അവർ ആദരിച്ചു. 50 വർഷം ബാലൻ ഉപയോഗിച്ച പണി സാധനങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു.ആരോഗ്യമുള്ള കാലത്തോളം കൈക്കോട്ടുമായി കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ ഇറങ്ങുമെന്ന് അമ്പത് ആണ്ട് തികയുമ്പോഴും ബാലൻ പറയുന്നു.