നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഐസിയുവിൽ ഒരു ദിവസം 7000 രൂപ, മരുന്നുകൾക്ക് 5000ത്തിന് മുകളിൽ വരുന്നുണ്ടെന്ന് മകൻ

മലയാളികളെ തുരുതുരാ ചിരിപ്പിച്ച നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് ഇപ്പോൾ. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു. കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും മകന്‍ ജോളി പറഞ്ഞു. “മൂന്ന് ദിവസം മുൻപാണ് അമ്മച്ചിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. വീട്ടിൽ ബോധം കെട്ട് വീഴുക ആയിരുന്നു. സീരിയസ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൊണ്ടുവന്നതിൽ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഐസിയുവിൽ വെന്റിലേറ്ററിൽ തന്നെയാണ്. ഓക്സിജനും കൊടുത്തിട്ടുണ്ട്. ഓക്സിജൻ മാറ്റുമ്പോൾ ശ്വാസമെടുക്കാൻ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ട്. ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്”, സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട് . “ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് കാശ് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ”, എന്നും ജോളി പറഞ്ഞു. കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി ചികിത്സയിലാണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.